കൊല്‍ക്കത്ത: പോക്കറ്റടി കൈയ്യോടെ പിടികൂടിയതിന് പിന്നാലെ പ്രമുഖ നടി അറസ്റ്റില്‍. ബംഗാളി ടെലിവിഷന്‍ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ 2022 ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ കൈയോടെ പിടികൂടിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ചടങ്ങ് നടന്നിടത്തെ വേസ്റ്റ് ബാസ്ക്കറ്റില് ഒരു പഴ്സ് നടി ഉപേക്ഷിക്കുന്നത് കണ്ട പൊലീസുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെ നടിയെ തടഞ്ഞുവെച്ച് ബാഗ് പരിശോധിച്ചു. അപ്പോഴാണ് നിരവധി പഴ്സുകള്‍ ഇതില്‍ നിന്നും ലഭിച്ചത്.
നടിയുടെ കൈയില്‍ നിന്നും 75000 രൂപയാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പണമെടുത്ത ശേഷം പഴ്സ് ഉപേക്ഷിച്ച് പോവാനായിരുന്നു നടിയുടെ ശ്രമം.
ബിധന്നഗര് നോര്‍ത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നേരത്തെ സംവിധായകന് അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തില്‍പെട്ടിരുന്നു.