നടന് ദിലീപിന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന വനിത മാസികയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. അതിനിടെ ദിലീപിനെയും വനിതയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്രയുടെ പോസ്റ്റിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം. ചിത്രത്തില്‍ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അര്‍ഹിക്കുന്നു എന്നാണ് സാന്ദ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
also read: ‘ലജ്ജിക്കുന്നു’; വനിതയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച് സ്വര ഭാസ്കര്‍
‘മാമാട്ടി ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു’, സാന്ദ്ര പറയുന്നു.
തൊട്ടുപിന്നാലെ തന്നെ സാന്ദ്രയുടെ പോസ്റ്റിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ‘മനുഷ്യരായ മനുഷ്യര്‍ മുഴുവനും നിങ്ങടെയും കൂടെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ കൊട്ടേഷന്‍ കൊടുത്ത ക്രിമിനലിനെയെ കാണുന്നുള്ളൂ’ എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്.
നിരവധിപ്പേര്‍ സാന്ദ്രയ്ക്ക് എതിരെ ട്രോളുകളും പങ്കുവെക്കുന്നുണ്ട്. ‘ഇതിലും നന്നായി അലക്കി വെളുപ്പിക്കാന്‍ ഏരിയലിന് പോലും കഴിയില്ല’ എന്നാണ് ഒരു ട്രോള്‍. ദിലീപിന്റെ മക്കളുടെ ചിത്രങ്ങള്‍ ബ്ലര്‍ ചെയ്തു ‘ഇപ്പോള്‍ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലല്ലോ’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.