ചെന്നൈ; മലയാള സിനിമയിലെ പ്രശസ്ത സംവിധായകന് കെഎസ് സേതുമാധവന് അന്തരിച്ചു. 90 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
ഓടയില്‍ നിന്ന്, യക്ഷി ഉള്‍പ്പടെയുള്ള നിരവധി ക്ലാസിക് സിനിമകളുടെ ശില്പിയാണ് സേതുമാധവന്. മലയാള സിനിമാ മേഖലയ്ക്ക് അടിത്തറപാകിയ സംവിധായകനാണ് സേതുമാധവന്. 1960ല്‍ സിനിമയിലേക്ക് എത്തിയ അദ്ദേഹം 60ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
also read: സോഷ്യല്‍മീഡിയ വിലക്കിയതിന്റെ പ്രതികാരം, സഹോദരനെതിരെ വ്യാജ പീഡന പരാതി നല്കി പെണ്‍കുട്ടി
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോള്, ചട്ടക്കാരി, അരനാഴിക നേരം, കടല്പാലം, പണിതീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്ജന്മം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 1991 ല്‍ ഇറങ്ങിയ വേനല്‍ കിനാവുകളാണ് മലയാളത്തിലെ അവസാന ചിത്രം.
1931ല്‍ പാലക്കാടാണ് സേതുമാധവന് ജനിക്കുന്നത്. കെ രാംനാഥിന്റെ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1960ല്‍ പുറത്തിറങ്ങിയ വിരവിജയയിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനായി. അച്ഛനും ബാപ്പയും എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചു.
കൂടാതെ തമിഴ് സിനിമയായ മറുപക്കത്തിനും തെലുങ്ക് സിനിമ സ്ത്രീയ്ക്കും ദേശിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. 2009ല്‍ ജെസി ഡാനിയല്‍ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു.