കണ്ണൂര്‍: കണ്ണൂരില്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂല്‍ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ മാട്ടൂലില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. പ്രതി സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിക്ക് ഹിഷാമിന്റെ സഹോദരന് മെസേജ് അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.
also read; സോഷ്യല്‍മീഡിയ വിലക്കിയതിന്റെ പ്രതികാരം, സഹോദരനെതിരെ വ്യാജ പീഡന പരാതി നല്കി പെണ്‍കുട്ടി
പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി രാത്രിയോടെ ഹിഷാമും മറ്റൊരു സഹോദരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സാജിദിന്റെ വീടിനടുത്ത് എത്തുകയായിരുന്നു.
ആദ്യം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് സാജിദ് കത്തി ഉപയോഗിച്ച് ഹിഷാമിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഹിഷാമിന്റെ സുഹൃത്ത് ഷക്കീബ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്.