സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് നടി ബീന ആന്റണി. സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തില്‍ സീരിയലിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതികരിക്കുകയായിരന്നു താരം. സീരിയല്‍ ഒരു വാണിജ്യമേഖല തന്നെയാണ് എന്നും. അവിടെ റേറ്റിങ്ങിനാണ് പ്രാധാന്യം എന്നും ബീന ആന്റണി പറയുന്നു.
താനടക്കമുള്ള നിരവധി കുടുംബങ്ങള്‍ സീരിയലുകള്‍ കൊണ്ടാണ് ജീവിക്കുന്നത് .അവാര്‍ഡ് തന്നില്ലെങ്കിലും സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന ജൂറിയുടെ ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും ബീന തുറന്നു പറഞ്ഞു. ന്യൂസ് 18 ന്റെ ചര്‍ച്ചയ്ക്കിടയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ബീന ആന്റണിയുടെ വാക്കുകള്‍
‘സ്വാഭാവികമായ രീതിയിലുള്ള കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അങ്ങനെയുള്ള പരമ്പരകളെടുത്താല്‍ കാണാന്‍ ആളുകളില്ല. സീരിയലിന് റേറ്റിംഗ് ആണ് ആവശ്യം. മോശമായ ഒരു പരാമര്‍ശം പോലും സീരിയലുകളില്‍ ഉപയോഗിക്കാറില്ല. സിനിമ, തുടങ്ങി മറ്റെല്ലാ മേഖലകളെയും പോലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് സീരിയലില്‍ കാണിക്കുന്നതും.
അവസാനം നന്മയിലാണ് അത് അവസാനിക്കുന്നതും. സമൂഹത്തിന് മോശമായോ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ല. എല്ലാവരും സീരിയല്‍ നിര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. ജൂറിയുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു. അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉള്ളു, എന്നാല്‍ നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചത്’