മലയിന്‍കീഴ്: മലയാളികളുടെ എക്കാലത്തെയും പ്രിയനടന്മാരിലൊരാളാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ വീട്ടില്‍ ഓണക്കാലം ആഘോഷിക്കുന്ന ജഗതിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
വീട്ടിലെ അണ്ണാന് കുഞ്ഞുങ്ങളുമായി സൗഹൃദം പങ്കുവച്ചും അവയെ താലോലിച്ചുമായിരുന്നു ജഗതി ശ്രീകുമാറിന്റെ ഓണക്കാലം. രണ്ടുമാസം മുന്‍പാണ് പേയാട് സ്കൈലെനിലെ ജഗതിയുടെ വീട്ടു മുറ്റത്തു നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ 2 അണ്ണാന് കുഞ്ഞുങ്ങളെ കിട്ടുന്നത്.
കണ്ണു തുറക്കുന്ന പ്രായം. ആദ്യം കിട്ടിയ അണ്ണാന് കുഞ്ഞിനെ ജഗതിയുടെ ഭാര്യ ശോഭ പ്രത്യേകം പരിചരിച്ചു. ‘ ചക്കര ‘ എന്നു പേരിട്ട ഈ അണ്ണാന് കുഞ്ഞു വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങി. ജഗതിയുടെ മടിയിലും കയ്യിലും ‘ചക്കര’ ഓടി കയറി കളിക്കുന്നത് പതിവായി.
ഈ വിഡിയോ മകള്‍ പാര്‍വതി ‘ ചില പുതിയ സൗഹൃദങ്ങള്‍ ‘ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇതിനിടെയാണ് രണ്ടാമത്തെ അണ്ണാന് കുഞ്ഞിനെ കിട്ടുന്നത്. ഇവന് എല്ലാവരുമായി ഇണങ്ങി വരുന്നതേ ഉള്ളൂ. ഇതിനു പേര് ഇട്ടില്ല. പാലും പഴവും ചോറും കഴിച്ച് സുഖ ജീവിതത്തിലാണ് അണ്ണാറക്കണ്ണന്മാര്. ഇവയുടെ സാമീപ്യം ജഗതിയ്ക്ക് കൂടുതല്‍ സന്തോഷവും ഉന്മേഷവും നല്‍കുന്നതായി മകള്‍ പാര്‍വതി പറഞ്ഞു.