തിരുവനന്തപുരം: നടന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ആരാധകരൊന്നടങ്കം ഏറ്റെടുത്തിരുന്നു. പരിചയപ്പെടുമ്പോള്‍ എന്ത് ചെയ്യുന്നു എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണം എന്ന് തീരുമാനിക്കാനാണ് എന്നായിരുന്നു പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഈ കുറിപ്പിനെക്കുറിച്ച് പരാമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയായ നിഷ മഞ്ചേഷ്. ഇത്രയും ഹൃദയം തൊട്ടൊരു വാചകം കേട്ടിട്ടില്ല എന്ന് നിഷ കുറിക്കുന്നു. കാണ്‍പൂരില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന നിഷ കൊവിഡ് ബാധയെ തുടര്‍ന്നാണ് നാട്ടിലെത്തുന്നത്.
നാട്ടിലെത്തിയപ്പോള്‍ ജോലിയെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും നിഷ പറയുന്നു. ‘ബഹുമാനിക്കാന്‍ കാരണം തേടുന്നതല്ല ആരും, പുച്ഛിക്കാനും അവഗണിക്കാനുമുള്ള സാധ്യത പരിഗണിക്കുന്നതാണ്’ എന്ന് കൂട്ടിച്ചേര്‍ത്താണ് നിഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേര് പോസ്റ്റില്‍ സമാനമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സത്യം പറഞ്ഞാല്‍ ഇത്രേം ഹൃദയം തൊട്ടൊരു വാചകം ഞാന്‍ കേട്ടിട്ടില്ല. ഓരോ ദിവസവും ആ ചോദ്യത്തിന്റെ ഭാരം അറിയുന്നത് കൊണ്ടാവും ചിലപ്പോള്‍. പുതിയൊരു നാട്ടില്‍ വന്നു ജീവിക്കുമ്പോള്‍ ആയാലും ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് ചെല്ലുമ്പോള്‍ ആയാലും എത്ര വിശദീകരിച്ചാലാണ് ഒന്ന് നേരെ നിന്ന് പോകാന്‍ പറ്റുന്നത്. ടീച്ചറായിരുന്നു. കോവിഡ് വന്നപ്പോ ജോലി വിടേണ്ടി വന്നതാണ്..
നാട്ടില്‍ വന്നിട്ട് ജോലി കിട്ടിയില്ല(അപ്പോള്‍ നീ അത്ര നല്ല ടീച്ചര്‍ ഒന്നുമല്ല ,കട്ടായം), ഇപ്പൊ ഓണ്‍ലൈന്‍ കോച്ചിങ് എടുക്കുവാണ്, (ഓഹ് ടൂഷന് ടീച്ചറാണ് ല്ലേ). അതേ ഇപ്പോള്‍ ടൂഷന് ടീച്ചര്‍ക്ക് ഉള്ള ബഹുമാനം മാത്രേ കിട്ടുന്നുള്ളൂ, മുന്‍പ് ഇന്ത്യയിലെ തന്നെ മികച്ച സ്കൂളുകളുടെ ലിസ്റ്റില്‍ ഉള്ള വീരേന്ദ്ര സ്വരൂപിലെ ടീച്ചര്‍ക്ക് കിട്ടേണ്ട ബഹുമാനം ഒട്ടും കൂടാതെ കിട്ടുമായിരുന്നു, കാന്‍പൂരില്‍. നാട്ടില്‍ അപ്പോഴും ആര്‍ക്കും പോയി ടീച്ചര്‍ ആകാവുന്ന യു പിയിലെ ടീച്ചര്‍ ആയിരുന്നു. ബഹുമാനിക്കാന്‍ കാരണം തേടുന്നതല്ല ആരും, പുച്ഛിക്കാനും അവഗണിക്കാനുമുള്ള സാധ്യത പരിഗണിക്കുന്നതാണ്.