തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ആലത്തൂര്‍ എംപി രമ്യഹരിദാസും വിടി ബല്‍റാമും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പാഴ്സലിനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, യുവാവ് കൈയില്‍ കയറിപ്പിടിച്ചെന്ന ആരോപണവുമായി രമ്യയും രംഗത്തെത്തി. കോവിഡി മാനദണ്ഡങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. രമ്യയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
രമ്യയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരീഷിന്റെ പ്രതികരണം. രമ്യയും, ബല്‍റാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിര്‍ക്കാന്‍ ഇത്തരം വാക്കുകള്‍ നിറഞ്ഞ ബോര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ തെമ്മാടിത്തരമാണ്. പക്കാ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാന്‍ വേണ്ടി എന്തും പറയാന്‍ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രമ്യയും, ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിര്‍ക്കാന്‍ ഇത്തരം വാക്കുകള്‍ നിറഞ്ഞ ബോര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ തെമ്മാടിത്തരമാണ്. പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാന്‍ വേണ്ടി എന്തും പറയാന്‍ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്. ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.