കൊച്ചി: തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ വിശദീകരണവുമായി നടി മാലപാര്‍വതി രംഗത്ത്. ആര്‍എസ്എസുകാരെ കൊല്ലണം എന്ന തരത്തിലാണ് മാലാ പാര്‍വതിയുടെ പേരില്‍ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ താന്‍ ഒരിക്കലും ആര്‍എസ്എസിനെ കൊല്ലണം എന്ന് പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയുമില്ലെന്നും തന്റെ ഭാഷ അതല്ലെന്നും മാല പാര്‍വതി പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സംഘപരിവാറിന്റെ ഫാസിസ്റ്റ് മനോഭാവമുള്ള അജണ്ടകളെ എതിര്‍ക്കണമെന്നാണ് താന്‍ പലപ്പോളായി പറഞ്ഞിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യും. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാലാ പാര്‍വ്വതി മാപ്പ് ചോദിക്കുകയും ചെയ്തു.
മാലാ പാര്‍വതിയുടെ വാക്കുകള്‍:
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാന്‍ ആര്‍എസ്എസുകാരെ കൊല്ലണം എന്നൊരു ട്രോള്‍ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ ‘കൊല്ലണം ‘ എന്ന് പറയാറില്ല. പറയുകയുമില്ല.
കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാല്‍ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിര്‍ക്കുമെന്ന കാര്യത്തില്‍ മാറ്റവുമില്ല.