സിനിമയിലും സീരിയലിലും നിറസാന്നിധ്യമാണ് താരദമ്പതികളായ ബീന ആന്റണിയും മനോജ് കുമാറും. ഇരുവര്‍ക്കും ആരധകരേറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ ഏറ്റവും ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് മലയാളത്തിന്റെ പ്രിയ താരദമ്പതികള്‍ കടന്നു പോകുന്നത്.
ബീനയ്ക്ക് കോവിഡ് ബാധിച്ച്, ചികിത്സയിലാണ്. മകനോടൊപ്പമുള്ള യൂട്യൂബ് വിഡിയോയിലാണ് മനോജ് ഈ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നാണ് ബീന ആന്റണിക്ക് കോവിഡ് ബാധിച്ചത്. പലപ്പോഴും സംസാരത്തിനിടെ സങ്കടം സഹിക്കാനാകാതെ കരയുന്ന മനോജിനെയാണ് വിഡിയോയില്‍ കാണുക.
ബീനയുടെ അവസ്ഥ വിവരിക്കുമ്പോള്‍ മകനും പലപ്പോഴും കരയുന്നുണ്ട്.”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി.” മനോജ് പറയുന്നു.
”പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും ഒന്നും പറഞ്ഞില്ല. ഐ.സി.യു നോക്കണമെന്ന് ഒരു ദിവസം ഡോക്ടര്‍ പറഞ്ഞു.
ആവശ്യം വേണ്ടി വന്നാലോ. രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല. പിറ്റേ ദിവസം ചെറിയ മാറ്റം കണ്ടു. ഇന്നലെ ആശുപത്രിയില്‍ നിന്നു വിളിച്ചു. കുഴപ്പമില്ല. നല്ല മാറ്റം കാണുന്നു. നാളത്തെ എക്സ് റേയാണ് പ്രധാനം. ഭയക്കാനില്ലെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ഇന്നു രാവിലെ എക്സ് റേ എടുത്തു. ദൈവം കാത്തു നല്ല പുരോഗതിയുണ്ട്. പേടിക്കാനില്ലെന്ന് ഡോക്ടര്‍ പറഞ്ഞു”. – മനോജ് പറയുന്നു. ഒപ്പം നിന്നവരോട് താരം നന്ദി പറയുന്നുണ്ട്.