തൃശ്ശൂര്‍: ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വളരെ മോശമായാണ് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കറുടെ പ്രതികരണം.
ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്. നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഫേസ്ബുക്കില്‍ റേപ്പ് ജോക്ക് ഉള്‍പ്പെടുത്തിയതിന് മാപ്പ് പറയണമെന്നും നിരവധി പേര് ആവശ്യപ്പെടുന്നു.
അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പരിഹാസം. ചാനല്‍ ചര്‍ച്ചയില്‍ പണിക്കര്‍ക്കൊപ്പം ആരും പങ്കെടുക്കില്ലെന്ന നിലപാടിനെയാണ് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കിയിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേര് അ്രലി അക്ബറിന് അനുകൂലമായി സംസാരിക്കുന്നുണ്ട്.
അലി അക്ബര്‍ പറയുന്നത് ശരിയാണ് ജനം ടിവി ഒഴിച്ച് കേരളത്തിലെ മറ്റ് ചാനലുകളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ രേഖ പൊലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച്ച കൊവിഡ്-19 ബാധിതനായ കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ അശ്വിന് എന്ന സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.