കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ജോയ് മാത്യു. രാജ്യം കൊവിഡ് ഭീതിയിലായിരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷത്തെ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവര്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്കാന് തയ്യാറായ പ്രതിപക്ഷത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യെന്ന് ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
‘പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്പോള്‍. ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം. രാജ്യം കൊവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവര്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്കാന് തയ്യാറായ പ്രതിപക്ഷത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍ ഇതായിരിക്കണം പ്രതിപക്ഷം ,ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം.’
കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിനിടയിലായിരുന്നു രമേശ് ചെന്നിത്തല സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്തുണ അറിയിച്ചത്. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ബഡായി അടിക്കുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.