കോഴിക്കോട്: രാജ്യമാകെ ശമനമില്ലാതെ കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും തൃശ്ശൂര്‍ പൂരവും പോലുള്ള പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
കൊറോണയെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും ഒരുപോലെയാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സൂക്ഷിച്ചാല്‍ നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
”കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്…. കൊറോണ…എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍ …അത്രയേയുള്ളു…സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ..എന്ന് വീണ്ടും കൊറോണ…”- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കുംഭമേള ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ക്ക് എതിരെ പാര്‍വതി തിരുവോത്ത്, രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റില്‍ പറയുന്നു.