മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനായെത്തി 2013ലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ‘ദൃശ്യം’ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സിനിമയുടെ സംവിധായകന് ജീത്തു ജോസഫ് ദൃശ്യത്തിന്റെ ഇംഗ്ലീഷ് റീമേക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഹോളിവുഡ് റീമേക്കിനെക്കുറിച്ചുള്ള അന്വേഷങ്ങള്‍ വന്നിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹോളിവുഡില്‍ നിന്നും ഒരാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തുവെന്നും അതില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള രീതിയിലാണ് അവര്‍ ആവശ്യപ്പെട്ടതെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രമുഖ നടിയും നിര്‍മ്മാതാവുമായ ഹിലാരി സ്വാങ്കിനെയാണ് മുഖ്യ കഥാപാത്രമാക്കുന്നതെന്ന രീതിയിലാണ് വിവരങ്ങള്‍ അറിയുന്നത്. അവര്‍ തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്ക്രിപ്റ്റും സിനിമയും ഒന്നരമാസം മുമ്പ് അയച്ചുകൊടുത്തിരുന്നുവെന്നും പക്ഷേ അതില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മലയാളത്തില്‍ 2013ലാണ് ‘ദൃശ്യം’ പുറത്തിറങ്ങിയത്. ഇപ്പോഴിതാ 2021-ല്‍ ‘ദൃശ്യം 2’ പുറത്തിറങ്ങാനായി ഒരുങ്ങുകയാണ്. ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 ന്റെ റിലീസ്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തരംഗമായി കഴിഞ്ഞു. ദൃശ്യം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.