താരസംഘടനയായ ‘അമ്മ’യുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങുവാഴുമ്പോള്‍ പ്രതികരണവുമായി ചലചിത്രതാരവും അമ്മയുടെ എക്സിക്യൂട്ടിവ് മെമ്പറുമായ ഹണി റോസ്. ചടങ്ങിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഉദ്ഘാടന വേദിയില്‍ ഹണിറോസും രചന നാരായണന്‍കുട്ടിയും നില്ക്കുന്ന ചിത്രം കണ്ടത്തോടെ ‘അമ്മ’യില്‍ ആണ് മേല്‍ക്കോയ്മയാണ് എന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.
‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്.
എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു കമ്മറ്റി മെമ്പേര്‍സ് പറഞ്ഞതാണ്.’എക്സിക്യൂട്ടിവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ ചില ജോലികള്‍ ഉണ്ടായിരുന്നു. എല്ലാ കമ്മറ്റി മെമ്പേഴ്സിനും അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.
ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങള്‍ ഇരിക്കുകയും ചെയ്തു. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നില്‍പ്പുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം ഇത് കഴിഞ്ഞു ഉണ്ടാകും എന്ന് കരുതിയല്ലല്ലോ ഞങ്ങള്‍ അവിടെ നിന്നത്.
സ്ത്രീകള്‍ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്’
എന്ന് താരം വെളിപ്പെടുത്തി. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അമ്മ സംഘടനയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. മമ്മൂക്കയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘടനം ചെയ്തത്.