കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി സിനിമാതാരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.
കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് അസഹനീയവും മ്ളേച്ഛവുമായ കാര്യമെന്ന് നടി പറഞ്ഞു. എല്ലാ രീതിയിലും താന്‍ കര്‍ഷകരുടെ കൂടെയാണെന്നും, ഇന്ത്യ എഗയിന്‍സ്റ്റ് പ്രൊപഗണ്ട എന്ന ഹാഷ്ടാഗ് ഇടുന്നവരാണ് ഇന്ത്യക്കെതിരെ നില്‍ക്കുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു.
ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ അഭിപ്രായപ്രകടനം. ‘എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, സമരത്തിന്റെ കൂടെയാണ്, അതില്‍ മറ്റൊരുവശം എനിക്ക് കാണാനില്ല. സെലിബ്രിറ്റികള്‍ തത്തപറയും പോലെ ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്ളേച്ഛവുമാണ്. അവര്‍ ഇന്ത്യയ്ക്കെതിരെയുള്ള പ്രചാരണം എന്ന് ഹാഷ്ടാഗ് ഇടുമ്പോള്‍ തിരിച്ച് അവരോടാണ് പറയേണ്ടത്, അവര്‍ ചെയ്യുന്നതാണ് പ്രൊപഗണ്ട എന്ന്. ഇക്കാര്യം പകല്‍പോലെ വ്യക്തമാണ്’- പാര്‍വതി വിമര്‍ശിച്ചു.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി അന്താരാഷ്ട്ര താരങ്ങളും രംഗത്തെത്തിയിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ പ്രതികരിച്ച് എത്തി.
കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്ലി അനില്‍ കുംബ്ലെ എന്നിവരും പ്രതികരിച്ചു.
”ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.” എന്നാണ് സച്ചിന് പറഞ്ഞത്.