കോഴിക്കോട്: പുനര്ജന്മം നടക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ മാതാപിതാക്കള്‍ പെണ്മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു മാതാപിതാക്കള്‍. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയുടെ ചിത്രത്തിന് ‘താങ്ക്സ് സയന്‍സ്’ എന്ന തലക്കെട്ട് നല്‍കിയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന സിനിമ ആരംഭിച്ചത് ശാസ്ത്രത്തിന് നന്ദി (താങ്ക്സ് സയന്‍സ്) പറഞ്ഞുക്കൊണ്ടായിരുന്നു.
ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് പൊതുവെ സിനിമകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രത്തിനായിരുന്നു സിനിമയില്‍ നന്ദി പറഞ്ഞത്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ ആയിരുന്നു.
പെണ്‍കുട്ടികളുടെ ഫോട്ടോയും മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടു ‘താങ്ക്സ് സയന്‍സ്’ എന്ന തലക്കെട്ടും ഹരീഷ് പേരടി ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്. ഗണിതശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായ പെണ്‍കുട്ടികളുടെ അമ്മയായ പദ്മജ ഐഐടി ടാലന്റ് സ്കൂള്‍ നടത്തുന്ന വ്യക്തിയാണ്.
ഇവരുടെ ഭര്‍ത്താവ് പുരുഷോത്തമന് നായ്ഡു കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ ഗവ. കോളേജ് ലക്ചറര്‍ ആണ്. അതേസമയം ആന്ധ്രാപ്രദേശില്‍ പുനര്ജന്മം നടക്കുമെന്ന് വിശ്വസിച്ച് പെണ്മക്കളെ കൊലപ്പെടുത്തിയ അമ്മ പദ്മജ വീണ്ടും വിചിത്ര വാദങ്ങള്‍ നിരത്തി.
കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്താന്‍ നോക്കിയപ്പോള്‍ അതു വേണ്ടെന്നാണ് പദ്മജ പറഞ്ഞത്. കൊറോണ തന്നില്‍ നിന്നാണ് ലോകത്തിലെത്തിയതെന്നും ചൈനയില്‍ നിന്നല്ലെന്നുമാണ് പദ്മജ പറയുന്നത്. താന്‍ ശിവരൂപം പൂണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു പദ്മജയുടെ വാദങ്ങള്‍.
ഇടയ്ക്ക് പദ്മജയുടെ ഭര്‍ത്താവ് സംസാരത്തില്‍ ഇടപെടാന്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ നിങ്ങളെന്റെ ഭര്‍ത്താവല്ല. ഞാന്‍ ശിവനാണ് എന്നാണ് പദ്മജ പറഞ്ഞത്. പദ്മജയുടെ ഭര്‍ത്താവിന്റെ മനോനില ഇപ്പോള്‍ ഭാഗികമായി നോര്‍മലായി വരുന്നുണ്ട്. എന്നാല്‍ പദ്മജ ഇപ്പോഴും ഇത്തരം വിചിത്രവാദങ്ങള്‍ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.