ലോക്ഡൗണ്‍ കാലത്ത് ജീവിതത്തില്‍ നടന്ന മോശം സംഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന് ബാല. സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നുവെന്നും അങ്ങനെ ചെയ്യാന്‍ താന്‍ നിര്ബന്ധിക്കപ്പെടുകയാരുന്നെന്നും ബാല പറഞ്ഞു.
അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന ബാലയുടെ തന്നെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ലോക്ഡൗണ്‍ കാലത്താണ് തന്റെ കയ്യിലുണ്ടായിരുന്ന എഴുപത് ശതമാനത്തോളം സ്വത്തുക്കള്‍ നഷ്ടപ്പെട്ടതെന്നും പിന്നീടെടുത്ത തീരുമാനങ്ങളാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും ബാല വെളിപ്പെടുത്തി.
‘2020 ല്‍ ലോക്ഡൗണ്‍ തുടങ്ങുന്നത് മാര്‍ച്ച് 16നാണ്. ഫെബ്രുവരിയില്‍ തന്നെ അതിന്റെ സൂചനകളൊക്കെ തുടങ്ങി. ഇതിപ്പോള്‍ പറയാനുള്ള കാരണം കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും.
അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല. അഞ്ചോളം ഇന്ഡസ്ട്രികളില് ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ പൈസ, അതില്‍ അറുപത് മുതല്‍ എഴുപതു ശതമാനം എനിക്ക് കൊടുക്കേണ്ടി വന്നു.’
‘സങ്കടങ്ങള്‍ ഉണ്ടായിരുന്നു.
ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ നല്കാന് ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാന്‍ പറയുന്നത് എന്റെ ആസ്തിയുടെ മാത്രം കാര്യമാണ്.”ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്.
ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന് പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സ്വയം നേടി എടുത്തവരാണ്. വീട്ടിലെ സ്വത്ത് ഇതുവരെ ചോദിച്ചിട്ടില്ല. ഞങ്ങള്‍ ആരും മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായിപ്പോയി.
തൊഴിലില്ല, വരുമാനമില്ല, കോവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു. ലോക്ഡൗണില്‍ മുഴുവന്‍ സമയവും ഞാന്‍ വീട്ടിനകത്തായിരുന്നു. അപ്പോഴാണ് ഞാന്‍ പുറത്തുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത്.
എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും. ആ ചിന്തയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്.”ബാക്കി ജീവിക്കാനുള്ള വക എനിക്ക് ഉണ്ടെങ്കിലും ബുദ്ധിമുട്ടേണ്ടി വന്നു. അപ്പോഴാണ് അതുപോലും ഇല്ലാത്ത പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചത്.
ചെറുപ്പത്തിലെ ഞാന്‍ ചാരിറ്റി വര്‍ക്ക് ചെയ്യാറുണ്ട്. അതില്‍ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു. അവിടെയാണ് ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്. ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ബാല പങ്കുവച്ചത്.