ബാലതാരമായി സിനിമയിലെത്തി, ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെ ഭാഗ്യ നായികയായി മാറിയ തെന്നിന്ത്യന്‍ താരസുന്ദരിയാണ് ചിത്രത്തില്‍. അത് മറ്റാരുമല്ല, നമ്മുടെ സ്വന്തം മീനയാണ്. മീനയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
1982ല്‍ നെഞ്ചങ്ങള്‍ എന്ന ശിവാജി ഗണേശന് ചിത്രത്തില്‍ ബാലതാരമായാണ് മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45ല്‍ ഏറെ ചിത്രങ്ങളില്‍ ബാലതാരമായി മീന അഭിനയിച്ചു.
മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായ മനസ്സറിയാതെ തുടങ്ങിയ മലയാളചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ച മീന ഇന്ന് മലയാളത്തിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ്.
ഒരു പുതിയ കഥൈ (1990) എന്ന ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച മീന ഡ്രീംസില്‍ സുരേഷ് ഗോപിയുടെ നായികയായി. വര്‍ണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മീന താരറാണിയായി മാറുകയായിരുന്നു.
മീനയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന ദൃശ്യം 2 ആണ്. സെപ്തംബര്‍ 21നാണ് ‘ദൃശ്യം 2’ന്റെ ചിത്രീകരണം ആരംഭിച്ചത്. സെപ്റ്റംബര്‍ 14ന് ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ ഷൂട്ടിംഗ് വൈകുകയായിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ സെപ്റ്റംബര്‍ 26നാണ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്.