എട്ട് മാസത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍.
മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ മാസമാദ്യം ചെന്നൈയില്‍ ചിത്രീകരണം പുനരാരംഭിക്കുകയും പിന്നീട് ദീപാവലി പ്രമാണിച്ച് നാലഞ്ച് ദിവസം വീണ്ടും ബ്രേക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ചിത്രീകരണം തുടങ്ങി ഷെഡ്യൂളില്‍ത്തന്നെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
അതീവ ഹൃദ്യമായ ഒരു പ്രണയകഥ പറയുന്ന ഹേ സിനാമികയില്‍ അതിഥിറാവുവും കാജല്‍ അഗര്‍വാളുമാണ് ദുല്‍ഖറിന്റെ നായികമാരാകുന്നത്. ദുല്‍ഖറിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഓകെ കണ്മണിക്ക് വേണ്ടി എആര്‍ റഹ്മാന് ഈണമിട്ട സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ആദ്യ വരിയാണ് ഹേ സിനാമിക. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.
ഹേ സിനാമിക പൂര്‍ത്തിയാക്കിയ ശേഷം റോഷന് ആന്‍ഡ്രൂസ് – ബോബി സഞ്ജയ് ടീമൊരുക്കുന്ന സല്യൂട്ടിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് സല്യൂട്ട്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന സല്യൂട്ടിന്റെ ചിത്രീകരണം ജനുവരിയില്‍ തിരുവനന്തപുരത്ത് തുടങ്ങും.
സല്യൂട്ട് പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മഹാനടിക്കുശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ഈ തെലുങ്ക് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മോഹന്‍ലാല്‍ മുതലുള്ള ഒട്ടുമിക്ക താരങ്ങളും പുതിയ ചിത്രങ്ങളിലഭിനയിച്ച് തുടങ്ങിയിട്ടും മമ്മൂട്ടിയും ദുല്‍ഖറും വിട്ടുനില്‍ക്കുകയായിരുന്നു.