തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിനിമാതാരങ്ങലുടെ രാഷ്ട്രീയ ചായ്വുകള് അറിയാന്‍ കാത്തിരിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട് നമുക്കിടയില്‍. പ്രിയപ്പെട്ട താരങ്ങളുടെ രാഷ്ട്രീയ നിലപാടുകളും തെരഞ്ഞെടുപ്പ് അനുഭവങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ആകുന്നതിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് കാലവും പ്രചരണവുമൊക്കെ പങ്കുവെക്കുന്നത് പ്രേക്ഷകര്‍ക്ക് എന്നും ആസ്വാദ്യകരമാണ്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം സലിംകുമാര്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. മറ്റൊരു ഓണ്‍ലൈന്‍ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘എന്റെ നാടായ ചിറ്റാറ്റുകര ഒരുകാലത്ത് ഇടതു കോട്ടയായിരുന്നു. ഇത്ര വോട്ടിനു ജയിക്കുമെന്ന് അവര്‍ കണക്കു കൂട്ടിയാല്‍ അങ്ങനെ തന്നെ സംഭവിക്കും. ഇപ്പോഴത്തെ കണക്കുകൂട്ടലൊക്കെ എപ്പോള്‍ വേണമെങ്കിലും തെറ്റാം! അക്കാലത്തു നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ അനൗണ്‍സറായി പോകുമായിരുന്നു’
‘പഞ്ചായത്തു തെരഞ്ഞെടുപ്പ് അനൗണ്‍സ്മെന്റിനു പോയിട്ടില്ല. പക്ഷേ, സ്ക്വാഡ് വര്‍ക്കിന് ഇറങ്ങിയിട്ടുണ്ട്. എതിര് പാര്ട്ടിക്കാര് കാശു കൊടുത്തു വോട്ടു വിലയ്ക്കു വാങ്ങാന്‍ ചില കോളനികളില്‍ എത്തുമെന്നു പറഞ്ഞു ഞങ്ങളെ ചിലര്‍ ചട്ടം കെട്ടും. കാശു കൊടുത്തു വോട്ടു വാങ്ങലോ? സമ്മതിക്കില്ലെന്ന വാശിയോടെ ഞങ്ങള്‍ പല രാത്രികളിലും ഉറക്കമൊഴിച്ചു കാത്തിരുന്നിട്ടുണ്ട്. പക്ഷേ, ഉറക്കം പോയതല്ലാതെ കാശു കൊടുക്കാന്‍ വന്ന ഒരാളെപ്പോലും പിടികൂടാനായിട്ടില്ല!’
“പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനൗണ്‍സ്മെന്റ് നടത്താറില്ല. ഇടതു കോട്ട ആയതിനാല്‍ ജയസാധ്യത കുറവാണ് എന്നു നേരത്തെ അറിയാവുന്നതു കൊണ്ടാകാം അനൗണ്‍സ്മെന്റ് ഒന്നും നടത്താതിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആവേശമേറെ. പക്ഷേ, പ്രാദേശികമായി കൂടുതല്‍ തന്ത്രങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്.
ചിറ്റാറ്റുകരയില്‍ ആദ്യം 10 വാര്‍ഡ് ആയിരുന്നു. പത്തും എല്‍ഡിഎഫ് നേടുന്നതായിരുന്നു പതിവ്. പണ്ടൊക്കെ വോട്ടു ചെയ്തു വരുന്നവര്‍ക്കു ചായ കൊടുക്കുന്ന പതിവുണ്ടായിരുന്നു. രണ്ടു പാര്‍ട്ടിക്കാര്‍ക്കും ചായക്കട പോലെ കൗണ്ടര്‍ ഉണ്ടായിരിക്കും. എല്‍ഡിഎഫിന്റെ കൗണ്ടറില്‍ ചായക്കൊപ്പം ഉണ്ടയാണു മിക്കവാറും ഉണ്ടാകുക. യുഡിഎഫ് കൗണ്ടറില്‍ ഉപ്പുമാവും കടലയും പുട്ടും കടലയുമൊക്കെ ഈ ചായ കൊടുക്കുന്നതൊക്കെ ഒരു ഉത്സവമായിരുന്നു. അതിപ്പോഴും വേണമെന്നാണ് എന്റെ പക്ഷം.”