ഫാസിസ്റ്റ് സവര്‍ണ്ണ വര്ഗീയതയ്ക്കെതിരെയായിരിക്കും തന്റെ വോട്ടെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ പോരാട്ടം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആര്‍ക്ക് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് ജോയ് മാത്യു രംഗത്തെത്തിയത്.
ഫേസ്ബുക്കിലൂടെയാണ് ജോയ്മാത്യു തന്റെ അഭിപ്രായം അറിയിച്ചത്. മനുഷ്യനെ, ജാതി,മതം, വര്‍ഗ്ഗം, ലിംഗം, ഭാഷ,വിശ്വാസം, നിറം, എന്നീ തരംതിരിവുകളാല്‍ മാറ്റിനിര്‍ത്തുകയും, അവഹേളിക്കുകയും
മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്യത്തിനും ചിന്തകള്‍ക്കും കൂച്ചു വിലങ്ങിടുകയും ഏകാധിപത്യത്തിന്റയും വംശീയതയുടെയും ദുഷ്ടതകളാല്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കും എന്റെ വോട്ടെന്ന് ജോയ് മാത്യു വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ വോട്ട്
സ്വപ്നങ്ങള്‍ വ്യത്യസ്തമായിരിക്കാം പ്രതിഷേധങ്ങള്‍ വിഭിന്നങ്ങളായിരിക്കാം
എന്നാല്‍ ഒരു പൗരന് എന്ന നിലക്ക് അവന്റയും അവന് ജീവിക്കുന്ന
രാജ്യത്തിന്റെയും ഭാഗദേയം നിര്‍ണ്ണയിക്കുന്നത് അവന്/ള്‍ കൂടി ഭാഗഭാക്കായ ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവന് /ള്‍ രേഖപ്പെടുത്തുന്ന സമ്മതി ദാനാവകാശത്തിലൂടെയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ നാം ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ഈ തെരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്ന ചോദ്യം.
ഞാന്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളത് കേള്‍ക്കണമെന്നുമില്ല.
പക്ഷെ എനിക്കൊരു നിലപാടുണ്ടാവണമെന്നും അത് ജനങ്ങളില്‍ നിന്നും മറച്ചു വെക്കുന്നത് ഭീരുത്വമാണെന്നും അറിയുന്നത് കൊണ്ട്
അത് ഇങ്ങിനെ വ്യക്തമാക്കാം.
മനുഷ്യനെ, ജാതി,മതം, വര്‍ഗ്ഗം, ലിംഗം , ഭാഷ,വിശ്വാസം, നിറം, എന്നീ തരംതിരിവുകളാല്‍ മാറ്റിനിര്‍ത്തുകയും, അവഹേളിക്കുകയും
മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്യത്തിനും ചിന്തകള്‍ക്കും കൂച്ചു വിലങ്ങിടുകയും ശാസ്ത്രീയവും പുരോഗമനപരവുമായ വീക്ഷണങ്ങളെ നിരാകരിക്കുകയും
പകരം, അന്ധവിശ്വാസജടിലമായ ചിന്തകള്‍ മനുഷ്യരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ഏകാധിപത്യത്തിന്റയും വംശീയതയുടെയും ദുഷ്ടതകകളാല്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കും എന്റെ വോട്ട് എന്ന് മാത്രം പറയട്ടെ