കൊച്ചി: മുഴുവന്‍ അണിയറ ജോലികളും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ സിനിമ’വയലറ്റ്സ്’ന് തുടക്കമായി. വനിതാ ദിനത്തില്‍ സാഹിത്യകാരി കെ ആര് മീരയാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ കൊച്ചുമകളായ മുക്തദീദിചന്ദ് ആണ് വയലറ്റ്സ് സംവിധാനം ചെയ്യുന്നത്.
മുക്തയുടെ ആദ്യ ഫീച്ചര്‍ സിനിമാ സംരംഭമായ വയലറ്റ്സ് പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഫാത്തിമ റഫീഖ് ശേഖര്‍ തീം മ്യൂസിക് തയ്യാറാക്കുന്ന ചിത്രത്തിലെ നൃത്തസംവിധാനം പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയാണ്.
ദ്രുത പെണ് ബാന്റിന് നേതൃത്വം നല്കുന്ന ശിവപാര്‍വ്വതി രവികുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബീനാപോള്‍ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ദീദി ദാമോദരന്‍ രചനയും നിര്‍വഹിക്കും. ഗാനരചന വി എം ഗിരിജ , കലാസംവിധാനം ദുന്ദു , വസ്ത്രാലങ്കാരം ഡെബലീന ബേറ , മേക്ക് അപ് അജ്ഞലി നായര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്നു.
സീമ , സജിത മഠത്തില്‍ , പ്രിയങ്ക , സരസ ബാലുശ്ശേരി , അര്‍ച്ചന പത്മിനി എന്നിവര്‍ക്കൊപ്പം രാമു , കൈലാഷ് , രജ്ഞിപണിക്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന് ഹരിഹരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.