ദുല്‍ഖര്‍ സല്മാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബിസി നൗഫലാണ്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാരായെത്തുന്നത്.
‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനില്‍ 566 ദിവസങ്ങള്‍ക്കു ശേഷമാണ് ദുല്‍ഖറിന്റെതായി ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയായിരുന്നു ദുല്‍ഖറിന്റെതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
ധര്മജന് ബോള്‍ഗാട്ടി, സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, സലിം കുമാര്‍, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.