നിഷ്കളങ്കമായ ഹാസ്യംകൊണ്ടും നിശബ്ദമായ വില്ലത്തരം കൊണ്ടും മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച നടനാണ് ഷറഫുദ്ദീന്. സഹനായകനായി മലയാളസിനിമാരംഗത്ത് തിളങ്ങി നില്ക്കുന്ന ഷറഫുദ്ദീന് വില്ലത്തരവും ഹാസ്യവും എല്ലാം വിട്ട് നായക വേഷമണിയാന്‍ പോകുകയാണ്. ‘നീയും ഞാനും’ എന്നാണ് ഷറഫുദ്ദീന്റെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ഷറഫുദ്ദീന്റെ നായികാ വേഷത്തിലെത്തുന്നത് അനു സിത്താരയാണ്.
‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാതാരം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അഡ്വഞ്ചറായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. തട്ടമിട്ട് ചെറുചിരിയോടെ നടന്നു നീങ്ങുന്ന അനു സിത്താരയും കൈയില്‍ കാറ്റാടിയുമായി ഇടവഴിയില്‍ നില്ക്കുന്ന ഷറഫുദ്ദീനും പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നു.
എകെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം. വിനു തോമസ് സംഗീതവും ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സിജു വിത്സന്, അജു വര്‍ഗീസ്, ദിലീഷ് പോത്തന്, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്, സുരഭി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയ്യേറ്ററുകളിലെത്തും.