96 എന്ന സിനിമ എല്ലാവരുടേയും മനസ്സില്‍ നോവുണര്‍ത്തി കടന്നുപോകുന്ന ചിത്രമാണ്. അതുപോലെ തന്നെയാണ് ചിത്രത്തിലെ ‘കാതലേ… കാതലേ…’ എന്ന ഗാനവും. ഈ ഗാനം പ്രേക്ഷകരില്‍ ഒരു സംശയമുണ്ടാക്കുന്നുണ്ട്. എന്താണ് ഗാനത്തിന്റെ തുടക്കത്തിലും ഇടയിലും കടന്നുവരുന്ന ഒരു മൃഗത്തിന്റെ ഓരിയിടയല് പോലെയുള്ള ആ ശബ്ദം?
ഇപ്പോള്‍ ആ പ്രത്യേക ശബ്ദത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് 96 ന്റെ സംഗീത സംവിധായകന് മലയാളികളുടെ പ്രിയപ്പെട്ട ഗോവിന്ദ് മേനോന് എന്ന തമിഴരുടെ ഗോവിന്ദ് വസന്ത.
സത്യത്തില്‍ അങ്ങനെയൊരു പാട്ട് 96 ല്‍ ഉണ്ടായിരുന്നില്ല. അത് എന്റെ ഇഷ്ടത്തിന് ഉള്‍പ്പെടുത്തിയതാണ്. അതൊരു ബോണസ് ട്രാക്കായി വയ്ക്കാനാണ് തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. ടീസറില്‍ ഉള്‍പ്പെടുത്താമെന്ന് സംവിധായകനോട് പറഞ്ഞു. ടീസറിന് മികച്ച സ്വീകരണം ലഭിച്ചപ്പോള്‍ ആ പാട്ട് ഉള്‍പ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു.
ആ ഗാനത്തിന്റെ തുടക്കത്തിലും ഇടയിലും കടന്നുവരുന്ന ഒരു മൃഗത്തിന്റെ ഓരിയിടയല് പോലെയുള്ള ആ ശബ്ദം തിമിംഗലത്തിന്റേതാണ്. ആ ശബ്ദത്തിന് ‘വെയില് കോള്‍’ എന്ന് പറയും. തിമിംഗലം വെള്ളത്തിനടിയില്‍ ഉണ്ടാക്കുന്ന ശബ്ദം. ഒരു തിമിംഗലവും പക്ഷിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള കവിത താന്‍ പണ്ട് വായിച്ചിട്ടുണ്ടെന്നും സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്ത അവരാണ് പ്രചോദനമായതെന്നും ഗോവിന്ദ് പറഞ്ഞു.