സിനിമാപ്രേമികള്‍ക്ക് ഒരുപോലെ ഇഷ്ടവും ആരാധനയുമുള്ള നടനാണ് വിജയ്സേതുപതി. നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തികച്ചും വ്യത്യസ്തനായ മനുഷ്യനാണ് അദ്ദേഹം. കഠിനപ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് വിജയ് സേതുപതി എന്ന നടനുണ്ടായത്. കിട്ടിയത് എന്ത് വേഷമാണെങ്കിലും അതില്‍ സ്വയം അര്‍പ്പിച്ചായിരുന്നു ഈ നടന് വളര്‍ന്ന് വന്നത്. ഇന്നദ്ദേഹം ആരാധകരുടെ മക്കള്‍ സെല്വന് ആണ്.
സിനിമാലോകത്തേക്ക് എത്തിപ്പെടാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. കാലങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മികച്ച ഒരു നടനാവണം എന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തെ വിജയത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിച്ചു. തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിനായി. ”ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല”- വിജയ് സേതുപതി പറയുന്നു.
‘അഭിനയത്തെ ഗൗരവമായിട്ടാണ് കാണുന്നത്. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. താരമാകനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്. സ്വാഭാവികമായ ശൈലി പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും പ്രത്യേകമായൊരു ശൈലി പിന്തുടര്ന്നിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല’- ആരാധകരുടെ പ്രിയപ്പെട്ട താരം പറഞ്ഞു.