ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരും. ഡിജിറ്റല്‍ വ്യാപാരത്തിന് കരുത്തേകുന്നത് യാത്ര, ഇ കൊമേഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണ്. ഈ രംഗത്ത് 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ 34 ശതമാനം വളര്‍ച്ച ഉണ്ടായതായാണ് വിലയിരുത്തല്‍.
ഓണ്‍ലൈന്‍ യാത്രാസേവന വിഭാഗത്തിന്റെ സംഭാവനയാണ് ഡിജിറ്റല്‍ വ്യാപാര വിപണിയില്‍ 54 ശതമാനം വിപണി വിഹിതവും. ഈ രംഗത്തെ ബിസിനസ് ഏകദേശം 1.10 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ്.
ഇ-ടെയില്‍ വിഭാഗം 73845 കോടി രൂപ സംഭാവന ചെയ്യുമ്പോള്‍ യൂട്ടിലിറ്റി സേവന വിഭാഗത്തില്‍ 10201 കോടി രൂപയാണ് ലഭിക്കുന്നത്. വൈവാഹിക പംക്തികളിലൂടെയും പരസ്യങ്ങളിലൂടെയും ഉള്ള വരുമാനം 6060 കോടി രൂപയുടേതാണ്. ഓണ്‍ലൈന്‍ ഗ്രോസറി വിതരണത്തിലൂടെയുള്ള ബിസിനസ് 2,200 കോടിയുടേതും. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ 2017ല്‍ നഗരപ്രദേശങ്ങളില്‍ 29.5 കോടി പേരായിരുന്നു.