തിരുവനന്തപുരം: നിലവിലെ സ്പീക്കര്‍ എംബി രാജേഷ് മന്ത്രിസഭയിലേക്ക്. എ.എന്‍.ഷംസീര്‍ എംഎല്‍എ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന് രാജിവയ്ക്കും.
ഇന്ന് വൈകിട്ടോ നാളെയോ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.വി.ഗോവിന്ദന്റെ വകുപ്പുകള്‍തന്നെ എം.ബി.രാജേഷിന് ലഭിക്കും. രാജേഷിന് തദ്ദേശവും എക്സൈസുമായിരിക്കും. ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കി.
എം.വി.ഗോവിന്ദന് കൈകാര്യം ചെയ്തിരുന്നത് തദ്ദേശം, എക്സൈസ് എന്നീ പ്രധാന വകുപ്പുകളായതിനാല്‍ എം.ബി.രാജേഷ് പകരക്കാരനാകുന്നതാകും ഉചിതമെന്ന് യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായമുണ്ടായി. കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാല്‍ സ്പീക്കര്‍ പദവിയിലേക്ക് കണ്ണൂരില്‍നിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു.
ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചെയര്മാന്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.