പാനൂര്‍: ഇരുനില വീട് കത്തിനശിച്ചു. സെന്‍ട്രല്‍ എലാങ്കോടാണ് സംഭവം. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം.
വീട്ടില്‍ തീ പടര്‍ന്നുപിടിക്കുമ്പോള്‍ അലീമയും മക്കളായ സാജിത, സൗധ, സാജിതയുടെ ഭര്‍ത്താവ് മഹമൂദ്, സൗധയുടെ മകന് ജമാല്‍ എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. പാനുര്‍ പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഉടന്‍ തീയണക്കുകയായിരുന്നു.
തീപിടുത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കാനായി. വീട് ഉപയോഗശൂന്യമായി. ഒന്നാം നില പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഏതാണ്ട് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.