കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം.
ALSO READ- ജോലി കഴിഞ്ഞ് മടങ്ങവെ ബൈക്കപകടം, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം
ഇയാളെ ഇന്നലെ രാത്രി 9 ഓടെ നല്ലളം പോലീസ് വീട്ടിൽ എത്തി കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് രാത്രി 9.30 ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.നാട്ടുകാർ ചേർന്ന് ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. എന്നാൽ, തങ്ങൾ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പോലീസ് അറിയിച്ചു.
കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല അതിനാൽ വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് പോലീസിന്റെ പ്രതികരണം.