കാസര്‍കോട്: ഉത്സവം ക്ഷണിക്കാനെത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണം നല്കി മുസ്ലീം പളളി. കാസര്‍കോട് ഉദ്യാവര അരസു മന്‍ജിഷ്ണാര്‍ ക്ഷേത്രം ഭാരവാഹികളാണ് മതസൗഹാര്‍ദം വിളംബരം ചെയ്ത് ആയിരം ജമാ അത്ത് പള്ളിയിലെത്തിയത്.
വിഷു കഴിഞ്ഞ് ആദ്യത്തെ വെള്ളിയാഴ്ചയാണ് എല്ലാ വര്‍ഷവും ഉദ്യാവര മാട അരസുമന്ജിഷ്ണാര് ക്ഷേത്ര ഭാരവാഹികള്‍ ഉല്‍സവം ക്ഷണിക്കുവാന്‍ ആയിരം ജമാ അത്ത് പള്ളിയിലേക്കെത്തുന്നത്. ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉല്‍സവം പോലെ തന്നെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് ആയിരം ജമാ അത്ത് പള്ളിയില്‍ പോയി ഉത്സവം ക്ഷണിക്കുന്നതും.
ഘോഷയാത്രയോടെയാണ് ക്ഷേത്രം ഭാരവാഹികള്‍ പള്ളിയിലേക്ക് യാത്ര തിരിച്ചത്. അകമ്പടിയായി ചുവന്ന ഉടയാടകളും മുല്ലമാലകളും അണിഞ്ഞ വെളിച്ചപ്പാടന്മാരും വാദ്യമേളങ്ങളും ഉണ്ടായിരുന്നു. ക്ഷേത്ര ഭാരവാഹികളടങ്ങുന്ന സംഘത്തെ പള്ളിയുടെ കവാടത്തില്‍ കാത്തുനിന്ന ജമാ അത്ത് ഭാരവാഹികള്‍ പള്ളിയിലേക്ക് ആനയിച്ചു.
പള്ളി മുറ്റത്തെത്തിയ വെളിച്ചപ്പാടന്മാര് ഉല്‍സവത്തിന്റെ വരവറിയിച്ച് ഉറഞ്ഞു തുള്ളി. ക്ഷേത്രത്തില്‍ തിരിച്ചെത്തിയ ഭാരവാഹികള്‍ ക്ഷേത്രം അധികാരികളെ കാര്യം ധരിപ്പിക്കുകയും ഉല്‍സവത്തില്‍ ജമാ അത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു.