ചങ്ങനാശേരി: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് അറുപത്തിരണ്ടുകാരന് ദാരുണാന്ത്യം. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് ആണ് മരിച്ചത്. മകളെ യാത്രയാക്കാന്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
പിതാവ് അപകടത്തില്‍പ്പെട്ട കാഴ്ച കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് അന്‍സയും പുറത്തേക്കു ചാടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ വീണ് അന്‍സയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല.
അന്‍സയുടെ തലയ്ക്കാണു പരുക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റെയില്‍വേ പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തി.