തിരുവനന്തപുരം: സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. സംഭവം. തമ്പാനൂരിലെ ഹോട്ടല്‍മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ട് പ്രവീണ്‍ മുറിയില്‍ നിന്നു പുറത്തു പോയിരുന്നു.
ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോണ്‍ സന്ദേശം വന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു.
വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. നേരത്തേ ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.