പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ചെറാട് കൂര്‍മ്പാച്ചി മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇനിയും യാത്രകള്‍ തുടരുമെന്നും തനിക്ക് ഭയമില്ലെന്നും ബാബു പറഞ്ഞു.
തനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും താന്‍ ഓകെയാണെന്നുമാണ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. ബാബു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ വീണ്ടു പരിശോധനകള്‍ നടത്തിയ ശേഷമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നെന്നും ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.
സൈനികര്‍ക്കും ബിഗ് സല്യൂട്ടെന്നും ബാബുവിന് വേണ്ടി പ്രാര്‍ത്ഥിച്ച സകലരോടും നന്ദി പറയുന്നുവെന്നും റഷീദ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളില്‍ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ കൂട്ടിച്ചേര്‍ത്തു.