അടിമാലി: ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ അമ്മയ്ക്കൊപ്പം തൊഴിലുറപ്പ് ജോലിക്കുപോയി പഠിക്കാന്‍ പണം കണ്ടെത്തിയ കൊച്ചുമിടുക്കി അര്‍ച്ചനയ്ക്ക് ‘നീറ്റി’ല്‍ സ്വര്‍ണത്തിളക്കമുള്ള ജയം. ഇനി ഈ മിടുക്കി ചികിത്സിക്കാന്‍ പഠിക്കും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് അര്‍ച്ചന.
മാങ്കുളം താളുംകണ്ടം ഗോത്രവര്‍ഗകുടിയിലെ ബൈജു അയ്യപ്പന്റെ മകളാണ് അര്‍ച്ചന. എസ്.ടി. വിഭാഗത്തില്‍ 24-ാം റാങ്കോടെയാണ് ഈ പെണ്‍കുട്ടി നീറ്റ് പരീക്ഷ പാസായത്. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കിയ അര്‍ച്ചനയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.
also read: യുവാവ് മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍, രക്ഷാദൗത്യം തുടരുന്നു
അര്‍ച്ചനയുടെ സ്വപ്നങ്ങള്‍ ചിറകുകളേകി വീട്ടുകാരും ഒപ്പം നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടര്‍ന്ന്, കോതമംഗലത്തും. കൂമ്പന്‍പാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാര്‍ക്ക് നേടി.
തുടര്‍ന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. ഇതിനിടെയാണ് അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനുപോയാലോ എന്ന ആശയം വരുന്നത്. തുടര്‍പഠനത്തിന് അത് സഹായകരമാകുമെന്ന് കരുതി. തുടര്‍ന്ന്, തൊഴില്‍ കാര്‍ഡില്‍ പേരുചേര്‍ത്ത് ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ ജോലിക്കുപോയിത്തുടങ്ങി.
ജോലി കഴിഞ്ഞ് രാത്രി മണിക്കൂറുകളോളം പഠിക്കും. നീറ്റിലെ അര്‍ച്ചനയുടെ നേട്ടം നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്. ആദിവാസി മന്നാന്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. കുട്ടന്പുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷന്‍ ഫോറസ്റ്ററാണ് അച്ഛന് ബൈജു അയ്യപ്പന്.