കോട്ടയം: കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന്റെ ജീവന് കാത്തത് 65 കുപ്പി ആന്റി സ്നേക് വെനം. പാമ്പു കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്.
മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണു നല്‍കാറുള്ളത്. പതിവനുസരിച്ച് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്കാന് തീരുമാനിച്ചത്.
ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.
ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവും ആണ് ലഭിച്ചതെന്നും ഇവിടത്തെ ഡോക്ടര്‍മാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വാവ സുരേഷ് പറഞ്ഞു.