കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ. നഗരത്തില്‍ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയാണ് മോഹന്‍ ദാസ്. ബിന്ദു അമ്മിണിയാണ് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്നും കാലിന് പരിക്കുണ്ടെന്നും ഭാര്യ റീജ പറഞ്ഞു.
‘ഭര്‍ത്താവിന്റെ മുണ്ട് വലിച്ചൂരി. ഫോണ്‍ നിലത്തെറിഞ്ഞു. മാധ്യമങ്ങളെല്ലാം ബിന്ദു അമ്മിണിയുടെ ഭാഗം മാത്രമാണ് കേള്‍ക്കുന്നത്. ഞങ്ങളെ അക്രമിച്ചതും ദൃശ്യങ്ങളിലുണ്ട്. അത് ഞങ്ങളും കേസാക്കും. കാരണം ഇദ്ദേഹം കൊണ്ടു വന്നിട്ട് വേണം ഞാനും എന്റെ കുടുംബവും ജീവിക്കാന്‍. ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്’, റീജ പറഞ്ഞു.
കോഴിക്കോട് ബീച്ചില്‍ വെച്ചായിരുന്നു സംഭവം. കീഴടങ്ങുന്നതിനായി വീട്ടില്‍ നിന്ന് മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസിനെതിരെ സ്ത്രീകളെ കൈയ്യേറ്റം ചെയ്യല്‍, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ബിന്ദുവിനെതിരെ മോഹന്‍ദാസും പരാതി നല്കി. തന്നെ ആദ്യം ബിന്ദുവാണ് മര്‍ദ്ദിച്ചതെന്നാണ് മോഹന്‍ദാസ് പറയുന്നത്. താന്‍ ഫേസ്മസ് ആവാന്‍ വേണ്ടി ചെയ്തതാണെന്നാണ് അവര്‍ പറയുന്നതെന്നും എന്നാല്‍ താന്‍ ആക്രമണത്തെ പ്രതിരോധിച്ചതാണെന്നും മോഹന്‍ ദാസ് പറഞ്ഞു.