അഞ്ചാലുംമൂട്: അടച്ചുറപ്പുള്ള, മഴപെയ്താല്‍ ചോരാതെ ഇരുന്നു പഠിക്കാന്‍ ഒറ്റമുറി വീട് സ്വപ്നം കണ്ട ആറാം ക്ലാസുകാരി മുഹ്സിനയ്ക്ക് നാടിന്റെ നന്മയില് പുത്തന്‍ വീടൊരുങ്ങുന്നു. പ്രാക്കുളം എന്എസ്എസ്ഹയര് സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് മുഹ്സിന.
മുഹ്സിനയ്ക്കും കുടുംബത്തിനും വേണ്ടി ഏഴുലക്ഷം രൂപ ചെലവില്‍ വീടൊരുക്കുകയാണ് കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹസേന. മുഹ്സിനയുടെ പിതാവ് അവള് കുഞ്ഞായിരിക്കുമ്പോഴേ മരിച്ചുപോയതാണ്.
വയോധികരായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പ്രാക്കുളത്തെ രണ്ടരസെന്റിലെ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് മുഹ്സിനയും അമ്മയും താമസം. പുതിയ വീടിനുവേണ്ടി മുഖ്യമന്ത്രിക്കുവരെ അപേക്ഷ അയച്ചെങ്കിലും നടപടിയൊന്നുമായിരുന്നില്ല.
തുടര്‍ന്ന് തന്റെ ദയനീയസ്ഥിതി അധ്യാപിക ഗീതാകുമാരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് അവരുടെ ഭര്‍ത്താവും എന്‍എസ്എസ് കരയോഗം സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഒരു പ്രവാസി സുഹൃത്തിന്റെ സഹായത്തോടെ ഡോ. അനില്‍മുഹമ്മദ് മുഖേനയാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്. 578 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മ്മിക്കുന്നത്.
വീടിന്റെ ശിലാസ്ഥാപനം സംസ്ഥാന ഹൗസിങ് ഫെഡറേഷന് ചെയര്മാന് എം ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു. കൈതവനത്തറ ശങ്കരന്‍കുട്ടി, ജി.വി.ഉണ്ണിത്താന്, പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്, എന്‍.എസ്.എസ്.കരയോഗം സെക്രട്ടറി കൃഷ്ണകുമാര്‍, ജമാഅത്ത് പ്രസിഡന്റ് ഇ.ഷാജഹാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.