ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോള്‍ തന്റെ ജീവന് രക്ഷിക്കാനായി ഓടിയെത്തിയ കുടുംബത്തെ കാണാന്‍ സമ്മാനങ്ങളുമായി പ്രവാസി വ്യവസായി എംഎ യൂസഫലി എത്തി. പനങ്ങാട് ഫിഷറീസ് കോളജിന് സമീപം താമസിക്കുന്ന ദമ്പതികളായ രാജേഷിനും ബിജിക്കുമാണ് യൂസഫലി സമ്മാനങ്ങളുമായി നേരിട്ടെത്തിയത്.
ഏപ്രില്‍ പതിനൊന്നിനായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. ആ സമയം രക്ഷിക്കാനും പ്രാഥമികശുശ്രൂഷ നല്‍കാനും ഓടിയെത്തിയത് രാജേഷും ബിജിയുമായിരുന്നു. ആരെന്ന് പോലും നോക്കാതെ സഹായിക്കാന്‍ ഓടിയെത്തിയ ഇവര്‍ക്ക് മൂന്ന് സമ്മാനപ്പൊതികളായിരുന്നു യൂസഫലി നല്‍കിയത്.
ബിജിക്ക് പത്തുപവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് യൂസഫലി സമ്മാനിച്ചത്. രാജേഷിന് രണ്ടരലക്ഷം രൂപയും വാച്ചും നല്കി. കുഞ്ഞിനായി സ്വര്‍ണ മാലയും ചോക്ലേറ്റുകളടങ്ങിയ വലിയ പൊതിയുമായിരുന്നു യൂസഫലി കൈമാറിയത്.
ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥര്‍ക്കും യൂസഫലിയുടെ സ്നേഹ സമ്മാനങ്ങള്‍ കൈമാറി. സ്ഥലമുടമ പീറ്ററിനും മകനും ഓരോ മൊബൈല്‍ ഫോണ്‍ വീതവും പീറ്ററിന്റെ ഭാര്യക്ക് വാച്ചും ചോക്ലേറ്റ് പൊതിയും അദ്ദേഹം കരുതി വച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു യൂസഫലി പനങ്ങാട് എത്തിയത്.
യൂസഫലിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ഇവരുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.