കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. അതേസമയം, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്താണ് ഉരുള്‍പൊട്ടിയത്.
വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിഞ്ഞു മാറിയത്. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചല്‍ വാലി. വനത്തിനുള്ളിലാണ് ഉരുള്‍ പൊട്ടിയത് എന്നാണ് നിഗമനം.
സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫിന്റെ സംഘം തിരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്ത് പല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.