ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി അറിയിച്ചു. ഈ കാര്യം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലക്കമ്മീഷന് അംഗവുമായ ഗുല്‍ഷന്‍ കുമാറിന്റെ അധ്യക്ഷതയില്‍ തമിഴ്നാട്- കേരള ജലവിഭവ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതിയെന്ന് ടെക്നിക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. അതേസമയം, ഇടുക്കി അണക്കെട്ടില്‍ 90 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടാല്‍ വലിയ അപകടത്തിലേക്ക് വഴിവെക്കും.
നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണം. തുലാവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയിലേക്ക് നീരൊഴുക്ക് വര്‍ധിച്ചാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മേല്‍നോട്ട സമിതി വിലയിരുത്തി. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്നാടിന്റെ നിലപാട്.