മറയൂര്‍: മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് അയച്ച ശേഷം യുവാവ് പാറക്കെട്ടില്‍നിന്നു ചാടി ജീവനൊടുക്കി. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ വീട്ടില്‍ നാദിര്‍ഷാ അലി (30) ആണ് മരിച്ചത്. മറയൂര്‍ സ്വദേശിനിയും അധ്യാപികയുമായ യുവതിയെ (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് അയച്ച ശേഷമാണ് യുവാവ് പാറക്കെട്ടില്‍നിന്നു ചാടി ജീവനൊടുക്കിയത്.
മൂന്നു വര്‍ഷമായി സ്കൂള്‍ അധ്യാപികയായ യുവതിയും നൃത്തപരിശീലകനായ നാദിര്‍ഷ അലിയും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വ്യാഴാഴ്ച ഒരുമിച്ച് കാറിലാണ് ഇവര്‍ വ്യൂ പോയിന്റില്‍ എത്തിയത്. അവിടെ വച്ചാണ് ജീവനൊടുക്കുന്നതിനെപ്പറ്റി സൂചന നല്കുന്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചത്.
നിലവിളി കേട്ട് വിനോദസഞ്ചാരികള്‍ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൈത്തണ്ട മുറിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ചു നടത്തിയ തിരച്ചിലില്‍ 150 അടി താഴ്ചയിലുള്ള മുള്‍ക്കാട്ടില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.