ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം സാധാരണ രീതിയില്‍ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് കേസുകള്‍ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉചിതമെന്നും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച സംസ്ഥാനങ്ങള്‍ പോലും പ്രൈമറി സ്കൂളുകള്‍ ആരംഭിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം.
അതേസമയം, ചെറിയ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ മാതാപിതാക്കള്‍ തല്ക്കാലം തയറാകില്ലെന്നാണു നിരീക്ഷണം. ഓണ്‍ലൈന്‍ പഠനരീതിയിലെ പോരായ്മകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണു സ്ഥാപനങ്ങള്‍ തുറക്കുന്നതിനു തടസ്സമായി പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റ് വേണ്ടവിധം ലഭിക്കാത്തതുമൂലം 40% കുട്ടികള്‍ക്കു മാത്രമാണു ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമാകാന്‍ കഴിയുന്നതെന്നു ഒഡീഷ സര്‍ക്കാര്‍ പറയുന്നു.