ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനമേറ്റുവാങ്ങേണ്ടി വന്ന നിരവധി യുവതികളാണ് ഇതിനോടകം ജീവനൊടുക്കിയത്. കൊല്ലത്ത് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ സംഭവം വലിയ വാര്‍ത്തയായതോടെ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും എതിര്‍ത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
സ്ത്രീധന പീഡനങ്ങളും ഇതേചൊല്ലിയുള്ള മരണങ്ങളും വിവാഹമോചനങ്ങളുമെല്ലാം വാര്‍ത്തയാകുന്നതിനിടെ വളരെ വ്യത്യസ്തമായിരിക്കുകയാണ് ആലപ്പുഴയിലെ ഒരു വിവാഹം. മാതാപിതാക്കള്‍ മകള്‍ക്ക് വിവാഹസമ്മാനമായി നല്കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിക്കൊണ്ട് മാതൃകയായിരിക്കുകയാണ് വരന്.
സ്ത്രീധനത്തിനെതിരേ മാതൃകയായത് സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹമാണ്. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്- ജി. സരസ്വതി ദമ്പതിമാരുടെ മകന് സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്. രാജേന്ദ്രന്-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയില്‍ ദേവീക്ഷേത്രത്തിലാണു നടന്നത്.
വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേര്‍ന്ന് എസ്.എന്‍.ഡി.പി. ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.