കോഴിക്കോട്: പൊലീസ് കോണ്‍സ്റ്റബിളിന്റെ വീടിനോട് ചേര്‍ന്ന് അര്‍ധരാത്രിയോടെ ഉഗ്ര സ്ഫോടനം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിളായ കണ്ണം കുഴി ചിത്രദാസിന്റെ വീടിനോട് ചേര്‍ന്നാണ് രാത്രിയില്‍ സ്ഫോടനം ഉണ്ടായത്.
സംഭവം നാടിനെയാകെ പരിഭ്രാന്തിയിലാക്കി. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പരിസരത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ചിത്രദാസന്റെ വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം ഉണ്ടായത്.
താല്കാലികമായി നിര്‍മ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി. ചിത്രദാസന്റെ ഇരുനില വീടിനും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചിത്രദാസന്റെ സഹോദരന് സുനിലിന് ജാലകത്തിന്റെ ചില്ല് തെറിച്ച് മുറിവുകള്‍ പറ്റി.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനായി. വീടിന് പുറത്ത് സൂക്ഷിച്ച ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ ഇത്രവലിയ ശബ്ദം ഉണ്ടാകുമോ എന്നും സ്ഫോടനത്തിനുശേഷം പ്രദേശത്ത് വെടിമരുന്നിന്റെ മണമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവ സ്ഥലം രാത്രിയില്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.