വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റെയിന്‍ഫോറസ്റ്റ് റിസോട്ടിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍. മുന്‍പ് ടെന്റുകള്‍ക്ക് മാത്രമാണ് ലൈസന്സില്ലാത്തതെന്നും സാധാരണ ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നും റിസോര്‍ട്ടുടമ നടത്തിയ പ്രതികരണത്തെ തള്ളിയാണ് പഞ്ചായത്ത് റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമാക്കുന്നത്.
വനത്തോട് ചേര്‍ന്ന ആവശ്യമായ സുരക്ഷാ സൗകര്യങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം റദ്ദാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. റിസോട്ടിന്റെ ഭാഗമായിരുന്ന ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയായ ഷഹാന സത്താറാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.
രാത്രി ടെന്റില്‍ നിന്ന് ശുചിമുറിയിലേക്ക് പോകാന്‍ പുറത്തിറങ്ങിയ യുവതിയെ കാട്ടായ ഓടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആന ആക്രമണം തുടരുകയായിരുന്നെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
സംഭവസമയത്ത് ഷഹാനയോടൊപ്പമുണ്ടായിരുന്നവര് ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, കൊടും വനത്തില്‍ മൊബൈല്‍ സിഗ്നലടക്കമുള്ള സൗകര്യങ്ങളില്ലാത്ത പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.
ചുറ്റും കാടായ മേഖലയില്‍ ഇത്തരത്തില്‍ റിസോട്ടുകള്‍ ധാരാളമുണ്ട്. ദുര്‍ഘടമായ പാതയിലൂടെ യാത്ര കടന്ന് എത്തേണ്ട പ്രദേശം സാഹസിക സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ട്രെക്കിങ്ങും തൊട്ടടുത്തുള്ള അരുവിയും ലക്ഷ്യമാക്കി വരുന്ന വിനോദ സഞ്ചാരികള്‍ റിസോര്‍ട്ട് കെട്ടിടത്തിലും അതിനോട് ചേര്‍ന്ന ടെന്റുകളിലുമാണ് താമസിക്കുന്നത്.