കൊച്ചി : മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവരം വീട്ടില്‍ അറിയിച്ചതിന് 17 കാരനെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സംഘം ചേര്‍ന്ന് തല്ലിച്ചതച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന ക്രൂര സംഭവം പുറംലോകം അറിഞ്ഞത്. ലഹരിമരുന്ന് ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ചതാണ് പ്രകോപന കാരണം.
ഏഴുപേര്‍ ചുറ്റും നിന്ന് മര്‍ദ്ദിക്കുകയായിരുന്നു. നിര്‍ത്താതെ അടിക്കെന്ന് കൂട്ടത്തിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. തലയൊക്കെ പൊളിയുവാണോടാ… പറയെടാ… ഇന്‍സ്റ്റഗ്രാമിലിടാമെടാ… എന്ന് സംഘത്തിലൊരാള്‍ പറയുന്നത് കേള്‍ക്കാം.
മര്‍ദ്ദനമേറ്റ് അവശനായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു. കുഴഞ്ഞുവീണ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍ നിര്‍ത്തുകയും ചെയ്തു. ക്രൂരവിനോദം സംഘത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ 17 കാരനെ ക്രൂരമായി മര്‍ദ്ദിച്ച ഏഴുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യും.