കൊച്ചി: പാര്‍വ്വതി തിരുവോത്ത് നായികയായെത്തുന്ന പുതിയ ചിത്രം ‘വര്‍ത്തമാനം’ തിയ്യറ്ററുകളിലെത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന് ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആര്യാടന് ഷൗക്കത്താണ്.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് വര്‍ത്തമാനം. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്.
സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ചിത്രം ചിത്രീകരിച്ചത്.
പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന് ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. സെന്‍സര്‍ ബോര്‍ഡ് ആദ്യം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ജെഎന്‍യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.