മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയപ്പോൾ കേക്കുമായി കാണാനെത്തി സ്വാലിഹ് വളാഞ്ചേരി. ചക്രക്കസേരയുടെ സഹായത്തോടെയാണ് സ്വാലിഹ് മുഖ്യമന്ത്രിയെ കാണാനായി വേദിയിലെത്തിയത്. കൈയ്യിൽ മുഖ്യമന്ത്രിയുടെ മുഖം പ്രിന്റ് ചെയ്ത കേക്കുമുണ്ടായിരുന്നു.
മച്ചിങ്ങലിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനിടയിലാണ് സ്വാലിഹ് മുഖ്യമന്ത്രിക്ക് കേക്ക് സമ്മാനിച്ചത്. ‘സാർ നമ്മൾ പരിചയക്കാരല്ലേ’ എന്ന ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞ മുഖ്യമന്ത്രി കേക്ക് സ്വാലിഹിന് തന്നെ സമ്മാനമായി നൽകി.
മന്ത്രി കെടി ജലീലിന്റെ സഹായത്തോടെയാണ് സ്വാലിഹ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ജന്മനാ എല്ലുകളൊടിയുന്ന അസുഖമുള്ള സ്വാലിഹ് പക്ഷെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഇപ്പോൾ കേക്ക് നിർമ്മാണത്തിലും വിജയം വരിച്ചിരിക്കുകയാണ്.
വിവിധ മേഖലകളിലെ പ്രശസ്തരായവരുടെ വലിയൊരു സുഹൃദ് നിര തന്നെയുള്ളയാളാണ് സ്വാലിഹ്. നല്ലൊരു വായനക്കാരനും കൂടിയാണ്. നേരത്തേ പേപ്പർപേനയും ഫിനോയിലുമൊക്കെ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞവർഷം വിവാഹിതനായി. ഭാര്യ ജസീനയോടൊപ്പമാണ് കേക്ക് നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ മുഖം പ്രിന്റ് ചെയ്ത കേക്കുകൾക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. തന്നെപ്പോലുള്ളവർക്ക് ഏറെ ഉപകാരങ്ങൾചെയ്ത സർക്കാരാണ് പിണറായി സർക്കാരെന്ന് സ്വാലിഹ് പറയുന്നു.